മലപ്പുറം: ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരത്തിന് അർഹനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചു. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് അവാർഡ് സമ്മാനിച്ചത്.
പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. ഹിജ്‌റ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കാന്തപുരം. 2008 മുതൽ എല്ലാ ഹിജ്‌റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഈ അവാർഡ് സമ്മാനിക്കുന്നുണ്ട്. ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കാണ് പുരസ്‌കാരം നൽകുന്നത്.
സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ ഹിജ്‌റ പുരസ്‌കാരം ലഭിച്ചത്. ഹിജ്‌റ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കാന്തപുരം പറഞ്ഞു.
കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദനമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം അദ്ദേഹം അറിയിച്ചു. പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം മലേഷ്യയിലെത്തിയത്.

