ഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകിയതുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയാണ്. ഇന്ത്യ എന്ന വാക്ക് ബ്രിട്ടീഷുകാരുടെ സംഭവനയാണെന്ന് പറഞ്ഞിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിതരാകണമെന്നും മുൻഗാമികൾ ഭാരതത്തിനാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ട്വിറ്റർ ബയോയിലെ ഇന്ത്യ എന്ന വാക്ക് ഈ പ്രസ്താവനക്ക് ശേഷം ഭാരതെന്നാക്കി മാറ്റി. കോൺഗ്രസ് സഖ്യത്തിന്റെ പേരിനെ ഇത്തരത്തിൽ ബി ജെ പി പരിഹസിച്ചതോടെ ജയറാം രമേശ് രംഗത്തെത്തി.
മോദി അദ്ദേഹത്തിന്റെ വിവിധ പദ്ദതികൾക്ക് ഇന്ത്യ എന്ന പേര് നൽകുന്നതിനാൽ താങ്കൾ ഈ കാര്യം ആദ്യം പോയി നിങ്ങളുടെ ബോസ്സിനോട് പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനൊപ്പം ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യൂ എന്ന് പറഞ്ഞു കൊണ്ടുള്ള മോദിയുടെ തിരഞ്ഞെടുപ്പ് വീഡിയോ കൂടി അതിനൊപ്പം പങ്ക് വച്ചു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഇതോടെ പ്രധാനമന്ത്രി രംഗത്തെത്തി.പരസ്പരം തമ്മിലടിക്കുന്നവർ യോഗം ചേരുന്നുവെന്നും ഇവരെ ഒന്നാക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദ്ദമാണെന്നും മോദി പറഞ്ഞു.കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളുരുവിൽ യോഗം ചേരുന്നതെന്നും അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ 50 % ത്തിലധികം വോട്ട് നേടി എൻ ഡി എ വീണ്ടും അധികാരത്തിൽ വരുമെന്നും മോദി കൂടി ചേർത്തു.

