ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും. കേരളത്തിന്റെ ഉന്നമനത്തിന് ജീവിതം മാറ്റി വച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഉമ്മൻ‌ചാണ്ടി കേരള മുഖ്യമന്ത്രിയുമായ സമയത്ത് ഡൽഹിയിൽ വച്ച് കണ്ടതൊക്കെയും ഓർമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷമ ഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം പങ്ക് ചേർന്ന് ആത്മാവിന് ശാന്തി നേരുന്നതായും ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് മോദി ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.

സാധാരണക്കാരുടെ നേതാവിനെയാണ് നഷ്ടമായതെന്ന്കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കുമെന്നും ഉമ്മൻചാണ്ടിയുടെ കൈ പിടിച്ച് നടക്കുന്ന ചിത്രം പങ്ക് വച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാഷ്‌ടീയ അതികായനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ചാണ്ടിയെന്ന് മല്ലികാർജുൻ ഗാർഗെ ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി രംഗത്തെത്തിയിരിക്കുന്നത്.