രാഷ്ട്രീയ കേരളത്തിലെ നികത്താനാവാത്ത നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ അദ്ദേഹം പഠനം നടത്തി. ബി എ ബിരുദം നേടിയ ശേഷം അദ്ദേഹം എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ് നേടിയ വ്യക്തിയാണ് ഉമ്മൻചാണ്ടി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. രണ്ടു തവണ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തി. 2004-06 കാലത്തും, 2011-16 വർഷങ്ങളിലായി ഏഴ് വർഷം മുഖ്യമന്ത്രി പദവി വഹിച്ചു.
വലിയ ജനസമ്മിതിയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തന്റെ രാഷ്ട്രീയ ജീവിതം സാധാരണ ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവ് കൂടിയാണ് അദ്ദേഹം. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

