സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം; മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപ സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തിൽ ആണ് പുതിയ പരീക്ഷണം നടത്തുന്നത്. മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപ സർക്കാർ അനുവദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം. ജൂലൈ 14 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എഐഎസ് സെക്ഷൻ സ്ഥിതി ചെയ്യുന്നത് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ്. 2 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്നത്. 43 വകുപ്പുകളാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. അതിൽ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴിൽ 25 ഓളം സെക്ഷനുകളുമുണ്ട്. അതിൽ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്ന എഐഎസ് സെക്ഷൻ.

പൊതു ഭരണ വകുപ്പിലെ 25 സെക്ഷൻകാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാൽ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കിൽ 1 കോടിക്ക് മുകളിലായിരിക്കും ചെലവ് വരുന്നത്.