കെഎസ്ആർടിസിയിലെ പ്രതിസന്ധി; ഗുരുതര ആരോപണങ്ങളുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇത്തരക്കാരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും അഞ്ച് ദിവസം ഫേസ്ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ എത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല. കെഎസ്ആർടിസിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാൻ കഴിയില്ല. കെഎസ്ആർടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന് പ്രചാരണം തെറ്റാണ്. യൂണിയനേക്കാൾ മുകളിൽ കുറെ പേർ പ്രവർത്തിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്നും സിഎംഡി ആരോപിച്ചു. കെഎസ്ആർടിസി മാനേജ്മെന്റിനെ എതിർക്കുന്നവർ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണം. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ താനുണ്ടാക്കിയതല്ല. കെഎസ്ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.