തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാടെന്നും ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂവെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

