ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യം; ഭരണഘടനയ്‌ക്കൊപ്പമാണ് തന്റെ നിലപാടെന്ന് ഗവർണർ

തിരുവനന്തപുരം:ഏക സിവിൽ കോഡിനെ എതിർക്കുന്നവർക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭരണഘടനയ്‌ക്കൊപ്പമാണ് തന്റെ നിലപാട്. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിതെന്നും അദ്ദേഹം അറിയിച്ചു.

ഏക സിവിൽ കോഡിലെ ഡ്രാഫ്റ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാം. വിശ്വാസത്തിനോ ഭരണഘടനയ്‌ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും ഗവർണർ ചോദിക്കുന്നു.

അതേസമയം, ഏക സിവിൽ കോഡിനെതിരെ സിപിഎം ജനകീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തെ നിലനിർത്താനാണ് സിപിഎം പ്രതിരോധം തീർക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതിൽ കക്ഷിരാഷ്ട്രീയവും ബാധകമല്ല. ഉയർത്തുന്ന നിലപാടാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.