ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ പങ്കാളികളായി സംസ്ഥാനത്തെ 3 പൊതുമേഖലാ സ്ഥാപനങ്ങളും; അഭിനന്ദനവുമായി മന്ത്രി

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ പങ്കാളികളായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളും. കേരളത്തിലെ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായത്.

കെൽട്രോൺ, കെഎംഎംഎൽ, എസ്‌ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളിൽ നിർമ്മിച്ച വിവിധ ഉത്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചാന്ദ്രയാൻ 3 മിഷനിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്‌സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ LVM 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്‌സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോൺ ആണെന്ന് അദ്ദേഹം പറഞ്ഞു.

കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്‌സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആന്റ് ഫോർജിങ്ങ്‌സ് ലിമിറ്റഡിൽ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി. ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം. വിജയകരമായ വിക്ഷേപണം സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.