കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതോടെ എം ശിവശങ്കർ ഇടക്കാല ജാമ്യഹർജി പിൻവലിച്ചു. വിചാരണകോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ശിവശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.
ആറ് തവണ എംആർഐ നടത്തിയെന്നും ശിവശങ്കർ ഏത് സമയവും മരണപ്പെട്ടേക്കാമെന്നുമാണ് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. അത്തരം കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലല്ലോ എന്നായിരുന്നു കോടതി ഇതിന് മറുപടി നൽകിയത്. ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലേയെന്നും പിന്നെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്.

