കുറ്റ്യാടി: ലൈഫ് ഭവന പദ്ധതിയിൽ വീടിന് ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിൽ പഴയ വീട് പൊളിച്ചു മാറ്റിയ കുടുംബം ദുരിതത്തിൽ. നരിപ്പറ്റ പഞ്ചായത്തിലെ 15ാം വാർഡിൽ പെട്ട ചീക്കോന്നിലെ മൊട്ടേമ്മൽ പൊക്കനും കുടുംബവുമാണ് ദുരിതത്തിലായത്. പ്ലാസ്റ്റിക് മേഞ്ഞ കൂരയിലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. പെരുമഴയത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് ഈ കൂര ഇപ്പോഴുള്ളത്. 85 വയസുകാരനായ പൊക്കൻ, ഭാര്യ മന്ദി, മകൾ ലീല, മകളുടെ ഭർത്താവ് നാണു, പേര മകൾ നന്ദന എന്നിവരാണ് ഈ കൂരയിൽ താമസിക്കുന്നത്. സർക്കാരിന്റെ ധനസഹായം ലഭിക്കുന്നതിനായി കാത്ത് കഴിയുകയാണ് ഇവരെല്ലാവരും.
വലിയ കാറ്റടിച്ചാൽ കുടിൽ പാറിപ്പോകുന്ന അവസ്ഥയാണ്. ശക്തമായ മഴ പെയ്യുമ്പോൾ കുട പിടിച്ചാണ് ഇവർ വീടിനുള്ളിൽ കഴിയുന്നത്. വീടിന് അടച്ചുറപ്പുമില്ല. 8 വർഷം മുൻപാണ് മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ പൊക്കന്റെ വീട് ഒരു ഭാഗം തകർന്നു വീണത്. വീട് വാസയോഗ്യമല്ലാതെയായതോടെ പഞ്ചായത്ത് അധികൃതരുടെ നിർദേശ പ്രകാരം പഴയ വീട് പൊളിച്ച് ടാർപോളിൻ ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിലേക്ക് ഇവർ താമസം മാറി. പിന്നീട് ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ ഇവർ ഇതുവരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല.
8 വർഷം പിന്നിട്ടിട്ടും ഇവർക്ക് ഇതുവരെ സർക്കാർ സഹായം ലഭിച്ചില്ല. നിത്യരോഗികളായ പൊക്കനും ഭാര്യ മന്ദിയും മരുന്നു വാങ്ങാൻ പോലും പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. മകളുടെ ഭർത്താവ് നാണു കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ തങ്ങൾ അനുകൂലമായി ഒന്നു ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. സർക്കാരിന്റെ കനിവ് കാത്ത് ഇനി എത്രകാലം കൂടി ദുരിതക്കയത്തിൽ ജീവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവർ.

