കോഴിക്കോട് : സി പി എം ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ സി പി ഐ നേതൃത്വം പങ്കെടുക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻമാസ്റ്റർ. സെമിനാറിൽ താല്പര്യമുള്ളവർക്കൊക്കെ പങ്കെടുക്കാമെന്നും കോൺഗ്രസിന് ക്ഷണം നൽകാത്തത് അവർക്ക് സ്വന്തമായി നിലപാട് ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും കോൺഗ്രസിൽ നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായമാണെന്നും ഏക സിവിൽ കോഡിനെതിരെ ഒരു നടപടിയും അഖിലേന്ത്യ നേതൃത്വം സ്വീകരിക്കുന്നില്ലെന്നും രൂക്ഷമായി വിമർശനം നടത്തി.
ലിംഗ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാറ്റം അനിവാര്യമാണെന്ന് ഭരണഘടന പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിനു മുൻപ് നടപ്പിലാക്കേണ്ട പ്രക്രിയകൾ പോലും ഇവിടെ തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡിലൂടെ ഹിന്ദുത്വം രാജ്യത്ത് ഊട്ടിയുറപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന് ഉദാഹരണമാണ് മണിപ്പൂരിലെ കലാപമെന്നും ഗോവിന്ദൻ പറഞ്ഞു. ഫാസിസവും അതിൽ നിന്നും വർഗീയതയിലേക്കും നീങ്ങുന്ന ബി ജെ പി സർക്കാരിനെ പ്രതിരോധിക്കാൻ സി പി എം രംഗത്തുണ്ടാകുമെന്നും പ്രസ്താവിച്ചു.

