ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഡൽഹി ജെഎൻയു. ധർണ നടത്തുന്ന വിദ്യാർത്ഥികളിൽ നിന്നും 20,000 രൂപ പിഴ ഈടാക്കുമെന്നാണ് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 3 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നുവെന്നും അധികൃതർ പറയുന്നു.
ഇതിന്റെ ഭാഗമായി പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെഎൻയു പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി സർവകലാശാലയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിവരം.
അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കുകയും ഇവരുടെ അഡ്മിഷൻ റദ്ദാക്കുകയും ചെയ്യുമെന്ന് അധികൃതർചൂണ്ടിക്കാട്ടി. പാർട്ട് ടൈം വിദ്യാർത്ഥികൾ ഉൾപ്പെടെ, ജെ.എൻ.യുവിലെ എല്ലാ വിദ്യാർത്ഥികൾക്കും നിയമങ്ങൾ ബാധകമാണെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. നിരാഹാരസമരങ്ങൾ, ധർണകൾ, സർവകലാശാലയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ മുതലായവക്ക് 20,000 രൂപ വരെ പിഴ ചുമത്തും. പഴയ നിയമങ്ങൾ അനുസരിച്ച്, ഘരാവോ, പ്രകടനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നീ കുറ്റകൃത്യങ്ങൾക്ക്, അഡ്മിഷൻ റദ്ദാക്കുന്നതും സർവലാശാലയിൽ നിന്ന് പുറത്താക്കുന്നതുമായിരുന്നു ശിക്ഷയായി നൽകിയിരുന്നത്. തടഞ്ഞുവെയ്ക്കൽ, ചൂതാട്ടം നടത്തൽ, ഹോസ്റ്റൽ മുറികളിൽ അതിക്രമിച്ചു കയറൽ, അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും കനത്ത ശിക്ഷ ലഭിക്കും.

