കൊച്ചി: മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത്.
‘അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രി അന്നം മുട്ടിച്ചു. എച്ച് ആര്‍ ഡി എസ് പരമാവധി പിന്തുണ നല്‍കിയിരുന്നു. ഓഫീസിലെ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചു. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തിയത് ഞെട്ടലുണ്ടാക്കി. ഒരു സ്ഥാപനവും എന്നെ ഇതുവരെ പുറത്താക്കിയിട്ടില്ല. അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എച്ച് ആര്‍ ഡി എസിലെ ജോലി നഷ്ടപ്പെടാനുള്ള കാരണം പിണറായി വിജയനാണ്. സര്‍ക്കാരിന്റെ പല വകുപ്പുകളും തനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തിയതു കൊണ്ടാണ് ജോലി നഷ്ടപ്പെട്ടത്’- സ്വപ്‌ന ചൂണ്ടിക്കാട്ടി.
‘ക്രൈംബ്രാഞ്ച് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഒരു സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട രീതിയാണിത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സാമ്ബത്തിക ഇടപാടുകളുടെ രേഖകള്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്. ആ രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിവരങ്ങളും ചോദിച്ചു. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാടും. എഴുന്നൂറിലേറെ കലാപക്കേസുകളുണ്ട്. അതില്‍ പ്രതിയാക്കുമെന്ന് വരെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സമാധാനമായോ?’- അവര്‍ ചോദിച്ചു.

