‘ഓപ്പറേഷന്‍ ദേവി ശക്തി’ അഫ്ഗാന്‍ രക്ഷാദൗത്യത്തിന് പേര് നല്‍കി ഇന്ത്യ

കാബുള്‍: താലിബാന്റെ ഭരണത്തിനു കീഴിലായ അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന രക്ഷാദൗത്യത്തിന് പേര് നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ ദേവി ശക്തി’ എന്നാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 78 പേരെയാണ് അഫ്ഗാനില്‍ നിന്ന് നാട്ടിലെത്തിച്ചത്. മലയാളിയായ സിസ്റ്റര്‍ തെരേസ, ക്രാസ്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ സംഘത്തില്‍ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 16-ാം തീയതിയാണ് ഇന്ത്യ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് രക്ഷതേടി കാബൂള്‍ വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. ഇതുവരെ 800 പേരെ ദൗത്യത്തിലൂടെ ഇന്ത്യയിലെത്തിച്ചു.