കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും, 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് വാക്‌സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സെപ്തംബര്‍ അവസാനത്തോടെ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

ഇതിനെതുടര്‍ന്ന് ഓരോ ജില്ലകളിലും വ്യക്തമായ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തുന്നതാണ്. അവധി ദിവസങ്ങളില്‍ വാക്‌സിനേഷന്‍ അളവ് കുറവായിരുന്നുവെന്നും വരും ദിവസങ്ങളില്‍ ഇത് ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

മാത്രമല്ല, സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ദിവസവും ചുരുങ്ങിയത് രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത് കര്‍ശനമാക്കാനും പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ ആളുകളെയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുയര്‍ന്നു.

കൂടാതെ, സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്റെ കരുതല്‍ ശേഖരമുണ്ടെന്നും ആവശ്യമായി വന്നാല്‍ കര്‍ണാടകയെ ആശ്രയിക്കാവുന്നതാണെന്നും യോഗം നിരീക്ഷിച്ചു. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, കുഞ്ഞുങ്ങള്‍ക്കായുള്ള ഐ സി യു സംവിധാനങ്ങളും പൂര്‍ണതോതില്‍ സജ്ജമാക്കിവരികയാണെന്നും യോഗത്തില്‍ അറിയിച്ചു.