പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനും ഒരാൾ വേണ്ടെന്ന ആലോചനയിൽ കോൺഗ്രസ് ഹൈക്കമാൻഡ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനും ഒരാൾ വേണ്ടെന്ന ആലോചനയിൽ കോൺഗ്രസ് ഹൈക്കമാൻഡ്. 20ന് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയുടെയും വി.വൈത്തിലിംഗത്തിന്റെയും സാന്നിദ്ധ്യത്തിൽ നിയമസഭാകക്ഷി യോഗം ചേരാനിരുന്നതാണെങ്കിലും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അവരുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തിന് സാദ്ധ്യത മങ്ങി. അന്ന് യോഗം ചേരുകയാണെങ്കിൽ ഓൺലൈനിലൂടെ അവർ പങ്കെടുത്തേക്കും.

പാർലമെന്റിൽ പൊതുവായുള്ള കക്ഷിനേതാവും യു.പി.എ ചെയർപേഴ്സണും സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരിയുമാണ്. ആ രീതി കേരളത്തിലും വേണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്നറിയുന്നു.അതേസമയം, നിയമസഭാകക്ഷിയിലെ നിലവിലെ അംഗബലത്തിൽ ഐ ഗ്രൂപ്പിന് മേൽക്കൈയുള്ളതിനാൽ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല വീണ്ടുമെത്തണമെന്ന വികാരം ഗ്രൂപ്പ് നേതൃത്വം ശക്തിപ്പെടുത്തുകയാണ്.

നിയമസഭാ സമ്മേളനം വൈകാതെ ആരംഭിക്കുമെന്നതിനാൽ, പുതിയ കക്ഷിനേതാവിനെ ഉടൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.കോൺഗ്രസ് ഉപനേതാവായി പി.ടി. തോമസിനെ കൊണ്ടുവരാൻ എ ഗ്രൂപ്പും ആഗ്രഹിക്കുന്നു. മാറ്റമുണ്ടായാൽ പ്രചരിക്കുന്ന പേരുകളിൽ മുൻതൂക്കം വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്.