കോഴിക്കോട്; കോവിഡ് രൂക്ഷമായതോടെ ബ്ലാക്ക് ഫംഗസ് ബാധയും പിടിമുറുക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്നു പൂർണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫംഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി ബ്ലാക്ക് ഫംഗസ് റിപ്പോർട്ടുചെയ്തു.
പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിൽ 7 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഇവർക്കു നേരത്തേ കോവിഡ് വന്നു മാറിയിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചികിത്സ തേടിയവരിൽ 2 പേർ കോഴിക്കോട് സ്വദേശികളും 4 പേർ മലപ്പുറം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. ഇവർ കോവിഡ് പോസിറ്റീവാണ്. ഇതിൽ 5 പേർക്കു ശസ്ത്രക്രിയ വേണം. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തുനിന്നു ബ്ലാക്ക് ഫംഗസ് ഇഎൻടി വിഭാഗം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.

