വടകരയിൽ വിജയം ഉറപ്പിച്ച് ആർഎംപിഐ സ്ഥാനാർഥി കെ.കെ. രമ.

കേരളമാകെ ശ്രദ്ധിച്ച മൽസരത്തിൽ, വടകരയിൽ ആർഎംപിഐ സ്ഥാനാർഥി കെ.കെ. രമ എൽ
ഡി എഫിനെ പിന്നിലാക്കി മുന്നേറുന്നു. സിപിഎം അഭിമാന മൽസരമായി കണക്കാക്കുന്ന വടകരയിൽ എന്തുവില കൊടുത്തും രമയെ പരാജയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആർഎംപിക്ക് കൃത്യമായ വോട്ട് അടിത്തറയുള്ള മണ്ഡലമാണ് വടകര. യുഡിഎഫിന്റെ വോട്ടുകൾകൂടി ചേർന്നതായാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന.

നേരത്തേ ഒറ്റയ്ക്ക് മൽസരിച്ച് ആർഎംപി ശക്തി പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയത്തിലേക്ക് എത്തിയിരുന്നില്ല. വടകരയിൽ മത്സരിക്കുന്നതു ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലുണ്ടായിരുന്നു സിപിഎമ്മിന്; ഓരോ ചുവടിലും അടവിലും സിപിഎമ്മിന്റെ മേൽനോട്ടവും. കാരണം വടകരയിൽ തോൽക്കുകയെന്നാൽ ടി.പി.ചന്ദ്രശേഖരനോടു തോൽക്കുക എന്നാണ് സിപിഎം കരുതിയിരുന്നത്.