വസ്തുതകള്‍ പറയുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുവെന്ന് പറയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം , കോട്ടയം , എറണാകുളം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളത്തല്ലാതെ മറ്റെങ്ങും ഇത് സജ്ജമായിട്ടില്ല. കൊവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹൈക്കോടതിയും ഇക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരത്ത് എന്തുകൊണ്ട് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും, മറ്റ് സംസ്ഥാനങ്ങള്‍ ഇറക്കിയത് പോലെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ഓക്‌സിജന് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിദേശകാര്യ വകുപ്പിനല്ല ഇതുമായി ബന്ധപ്പെട്ട ചുമതലയെന്നും മുരളീധരന്‍ വ്യക്തമാക്കി.