രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ നിർമ്മിച്ചത് 62 പാലങ്ങൾ – മുഹമ്മദ് റിയാസ്

കേരളത്തിൽ 62 പാലം നിർമ്മിച്ചെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം വാർഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പ്രവൃത്തി കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂർ ചെറുപുഴക്ക് കുറുകെ നിർമ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ മുരളീധരൻ എം പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. പാലം വിഭാ​ഗം ഉത്തര മേഖല എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത് സി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് പാറക്കടവത്ത് പാലം നിർമ്മിച്ചത്. 57 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്.