തീവ്രവാദികളും വിഘടനവാദികളും പതിവായി സംഘർഷം അഴിച്ചുവിട്ടിരുന്ന ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഭീകരവാദികളും വിഘടനവാദികളും നടത്തുന്ന കല്ലേറ് 2018 ൽ 1,767 ആയിരുന്നുവെങ്കിൽ 2023 ൽ ഇതുവരെ അത്തരത്തിൽ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
“ചരിത്രപരമായ ഒരു ചുവടുവെയ്പായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതിലൂടെ കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നു. ആർട്ടിക്കിൾ 370 നിലവിലുണ്ടായിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ. ഈ മേഖലയിൽ സമാധാനവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കുക എന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച തീരുമാനം കാരണമാണ് ഇത് സാധ്യമായത്”, എന്നാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞത്.

