ഐഎൻഎസ് വിക്രാന്ത് ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നു. ഓഗസ്റ്റ് മാസത്തിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുക. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്റെ നാലാം ഘട്ട പരീക്ഷണം ഞായറാഴ്ച്ച പൂർത്തിയാക്കി. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. രണ്ടര ഏക്കറാണ് 30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാൻ ശേഷിയുള്ള വിക്രാന്തിന്റെ ഡെക്കിന്റെ വിസ്തീർണ്ണം കടലിലൂടെയുള്ള പരീക്ഷണങ്ങൾ കൂടി പൂർത്തിയായതോടെ വിക്രാന്ത് സേനയുടെ ഭാഗമാകാൻ സജ്ജമാകും.

ചൈനയുടേയും പാകിസ്താന്റേയും ഭീഷണിയെ നേരിടാൻ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വിക്രാന്ത് നിർമ്മിച്ചത്. ഇന്ത്യയിൽ ലഭ്യമായതും നിർമ്മിച്ചതുമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്തിൽ 76 ശതമാനവും നിർമ്മിച്ചിട്ടുള്ളത്. 2021 ഓഗസ്റ്റിലാണ് നീറ്റിലിറക്കിയ ശേഷമുള്ള ആദ്യ പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടം ഒക്ടോബറിലും മൂന്നാം ഘട്ടം ഈ വർഷം ജനുവരിയിലും പരീക്ഷിച്ചു.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വിക്രാന്ത് നിർമ്മിച്ചത്. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിക്രാന്ത് നാവികസേനയ്‌ക്കൊപ്പം ചേരും. ഇതോടെ വിമാനവാഹിനി കപ്പലുകൾ നിർമ്മിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയരും.