അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട;മീന്‍പിടിത്ത ബോട്ടില്‍ നിന്ന 300 കിലോ മയക്കുമരുന്നു പിടികൂടി നാവിക സേന

കൊച്ചി: അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട. സംശയാസ്പദമായി കണ്ട മീന്‍പിടിത്ത ബോട്ടില്‍ നിന്നാണ് 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടിയത്. അറബിക്കടലില്‍ പരിശോധന നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് സുവര്‍ണയാണ് അഞ്ച് ശ്രീലങ്കന്‍ സ്വദേശികളുള്‍പ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാന്‍ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി.

പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ അന്വേഷണങ്ങള്‍ക്കായി പിടികൂടിയ ബോട്ടും അതിലുണ്ടായിരുന്നവരെയും കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയില്‍നിന്നുള്ളതല്ല മത്സ്യബന്ധന ബോട്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.കൂടുതൽ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് എത്തിച്ചതായും ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. ലഹരിമരുന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ചു പേർ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം സ്ഥലവും തീയതിയും സംബന്ധിച്ച കൃത്യമായ വിവരം നാവികസേന വെളിപ്പെടുത്തിയില്ല.