അബുദാബി: മൃഗങ്ങള്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ ആന്റിബോഡി ടെസ്റ്റുമായി യുഎഇയിലെ ശാസ്ത്രജ്ഞര്‍. ഇതിനായി വിവിധ ഇനം മൃഗങ്ങളുടെ 500ലേറെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുക.34 വര്‍ഷം മുമ്പെടുത്ത് ഫ്രീസറില്‍ സൂക്ഷിച്ച ഒട്ടകത്തിന്റേത് മുതല്‍ കഴിഞ്ഞ ബുധനാഴ്ച വരെ എടുത്ത രക്തസാമ്പിളുകള്‍ ഇതില്‍ ഉള്‍പ്പെടും. സിംഹം, പുലികള്‍, കടുവകള്‍, ആടുകള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, പൂച്ചകള്‍, പട്ടികള്‍ തുടങ്ങി 18 ഇനം മൃഗങ്ങളുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുകയെന്ന് സെന്‍ട്രല്‍ വെറ്ററിനറി റിസേര്‍ച്ച് ലബേറട്ടറിയിലെ മൈക്രോബയോളജിസ്റ്റ് ഡോ. ഉള്‍റിച്ച് വെര്‍ണറി അറിയിച്ചു. ഏതെല്ലാം മൃഗങ്ങള്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയാല്‍ അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയും കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍. പരീക്ഷണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ 500ലേറെ രക്ത സാമ്പിളുകള്‍ ഫ്രീസറില്‍ നിന്നും പുറത്തെടുത്തതായി ഡോ. ഉള്‍റിച്ച് വെര്‍ണറി അറിയിച്ചു. പരീക്ഷണ ഫലം എന്താവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും പൂച്ചയിലും പട്ടിയിലും കൊവിഡ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം.
2021-07-27

