കിച്ചൻ സ്‌പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണോ; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളെന്ന് വിദഗ്ധർ

കിച്ചൻ സ്‌പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, കിച്ചൻ സ്‌പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ടോയ്ലറ്റിൽ ഉള്ളതിനെക്കാൾ അധികം ബാക്ടീരിയ ഒരു കിച്ചൻ സ്‌പോഞ്ചിൽ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളത്. പാത്രം വൃത്തിയാക്കുന്ന സമയം ഇത് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്‌പോഞ്ചിലൂടെ ഉദരരോഗങ്ങൾ, മെനിഞ്‌ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്‌സണിംഗ് എന്നിവ വരാനുള്ള സാധ്യതയുണ്ട്. സ്‌പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

കിച്ചൻ സ്‌പോഞ്ചിൽ കാണുന്ന ഇ കോളി വൃക്കത്തകരാറിനു കാരണമാകും. ഹീമോലിറ്റിക് യൂറെമിക് സിൻഡ്രോം എന്നാണ് വൃക്കയുടെ ഈ അവസ്ഥയ്ക്കു പേര്. വിഴുപ്പു തുണികളിലുണ്ടാകുന്ന ഗന്ധത്തിനു കാരണമാകുന്ന മൊറാക്‌സല്ല ഒസ്ലോയെൻസിസും സ്‌പോഞ്ചിൽ ഉണ്ട്. ഇവ സന്ധിവാതത്തിനു വരെ കാരണമാകും. മലിനജലത്തിലും കേടായ ഭക്ഷണങ്ങളിലും കാണുന്ന സാൽമൊണല്ലയും അടുക്കള സ്‌പോഞ്ചിൽ ഉണ്ട്. ഇത് പനി, വയറിളക്കം, വയറുവേദന, പനി ഇവയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.