ജനീവ: പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോഗാണുക്കളടങ്ങുന്ന പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി. ജൂലൈ 30നാണ് ഈ പട്ടിക ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോർട്ടിൽ ഇൻഫ്ലുവൻസ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്‌സ് വൈറസ് എന്നിവ ഇടംനേടിയിട്ടുണ്ട്.
രോഗകാരികളുടെ മുൻഗണനാപട്ടികയിൽ, പകർച്ചവ്യാധി പോലെയുള്ള ആഗോള പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ജനങ്ങളിലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗാണുക്കളെ തിരഞ്ഞെടുത്തത്. രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകൾക്കും ചികിത്സകൾക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.
പട്ടികയിൽ അമേരിക്കയിലെ കന്നുകാലികളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട എച്ച് 5 ഉപവകഭേദം ഉൾപ്പെടെയുള്ള നിരവധി ഇൻഫ്ലുവൻസ എ വൈറസുകളും ഉൾപ്പെട്ടിട്ടുണ്ട്. കോളറ, പ്ലേഗ്, വയറിളക്കം, അതിസാരം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന അഞ്ച് പുതിയ ബാക്ടീരിയകളും മഹാമാരിക്ക് കാരണമാകുന്ന രോഗകാരികളുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയ നിപ വൈറസും പട്ടികയിലുണ്ട്.

