സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്
- സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.
- തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.
- കുടിക്കാൻ തണുത്ത വെള്ളം നൽകുക.
- ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക
രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

