ദിവസവും മീൻ കഴിക്കാം; ഈ രോഗങ്ങളെ അകറ്റി നിർത്തും

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണിത്. വിറ്റാമിനുകളും ധാതുക്കളും തുടങ്ങി ധാരാളം പോഷകങ്ങൾ മത്സ്യത്തിലുണ്ട്.

പ്രോട്ടീൻ, സിങ്ക്, കാൽസ്യം, മഗ്‌നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയും മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മത്സ്യത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യങ്ങൾ കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കും.

മീനുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ അസ്ഥി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. മത്സ്യത്തിൽ ഒമേഗ 3 യും വിറ്റാമിൻ ഡി യും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഒമേഗ 3 വിഷാദ രോഗം അകറ്റും.

മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ബലമുള്ള എല്ലുകൾക്ക് അത്യന്താപേക്ഷിതമാണ്. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിർത്താനും ഇവ നല്ലതാണ്.