ഇന്ന് ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. അതിനാൽ കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണം.
ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
· മലമൂത്ര വിസർജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. ശൗചാലയത്തിൽ മാത്രം മലമൂത്ര വിസർജ്ജനം നടത്തുക.
· പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ, തുടങ്ങിയ ഇടങ്ങളിൽ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കിൽ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
· ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.
ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ
· ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
· കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പു നൽകു ക.
· രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.
· ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.
· ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
· കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
· രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
· സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ, മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്യരുത്.

