ഇന്ന് ലോക ഗജ ദിനം (World Elephant Day)

ഇന്ന് ലോക ഗജ ദിനം

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷ ഉറപ്പാക്കാനും അവര്‍ക്കായും ഒരു ദിവസം. ആനപ്രേമികളായ മലയാളികള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസമാണ് ഇന്ന്, തലയെടുപ്പോടെ ഉയര്‍ന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്‍റെ വിവിധ ഭാവങ്ങളില്‍ മനുഷ്യര്‍ക്കൊപ്പമുണ്ട് ആനകള്‍.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത ആനച്ചന്തത്തിന്‍റെ കാഴ്ച.

അഞ്ചു മൈല്‍ അകലെനിന്നുപോലും ആനകള്‍ക്ക് തങ്ങളുടെ ചിന്നംവിളി വഴി പരസ്പരം ആശയവിനിമയം നടത്താനാകും. കാലിനടിയിലുള്ള സെന്‍സേഴ്സ് വഴി മറ്റ് ആനകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍. .അകലെനിന്നുപോലും പിടിച്ചെടുക്കാനും പരസ്പരം ആശയവിനിമയം നടത്തുവാനും കഴിയും . സൂര്യതാപത്തില്‍നിന്നും രക്ഷനേടാന്‍ ആനകള്‍ ശരീരംമുഴുവന്‍ മണ്ണും ചെളിയും വാരിപ്പൂശാറുണ്ട്. പ്രതിദിനം ശരാശരി 100ഓളം ആനകളെ കൊമ്പിനുവേണ്ടി കൊന്നൊടുക്കുന്നു. പൂച്ചകളെപ്പോലെ ആനകളും മുരളാറുണ്ട്. ജന്തുക്കളില്‍ ഏറ്റവുമധികം ഘ്രാണശക്തിയുള്ളവയാണ് ആനകള്‍. ആനകളുടെ ശരാശരി ആയുസ്സ് 50-70 വര്‍ഷമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആനയെന്ന റെക്കോഡ് തായ്വാനീസ് മൃഗശാലയില്‍ ജീവിച്ചിരുന്ന ലിന്‍ വാങ് എന്ന ആനയ്ക്കാണ്. 86 വയസ്സുവരെ ഈ ആന ജീവിച്ചിരുന്നു. വളരെയധികം വികസിച്ച മസ്തിഷ്ക്കമാണ് ആനകളുടേത്. മനുഷ്യന്‍റെ തലച്ചോറിനെക്കാള്‍ 3-4 ഇരട്ടി വലുപ്പമുണ്ട് ആനകളുടേതിന്. ആനയുടെ ചര്‍മ്മത്തിന് ഒരു ഇഞ്ച് ഘനമുണ്ട്. ആനയ്ക്കും വികാരങ്ങളുണ്ട്. അവ കരയും ചിരിക്കും കളിച്ച്‌ രസിക്കും. ദിവസം നാലു മണിക്കൂറോളം ഉറങ്ങുന്ന ആന ചിലപ്പോള്‍ കൂര്‍ക്കം വലിക്കുകയുംചെയ്യും. 50 വയസ്സുവരെ ആനകള്‍ പ്രസവിക്കും, 22 മാസമാണ് ഗര്‍ഭകാലം. ആനകള്‍ക്ക് വളരെയധികം ഭയമുള്ള ജീവികളാണ് തേനീച്ചകള്‍.

കാട്ടുജീവിയായ ആനയെ നാട്ടുകാരാക്കിയ മനുഷ്യന്‍, കാടിന്‍റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡികാട്ടാനാണ് പലപ്പോഴും ശ്രമിക്കുന്നത്. പലപ്പോഴും ഇത് വന്‍ ദുരന്തത്തില്‍ കലാശിക്കാറുമുണ്ട്. ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്.ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്. വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീന കാലംമുതല്‍ മനുഷ്യന്‍റെ വരുതിക്ക് വഴങ്ങി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്‍ഗ്ഗമാണ് ആനകള്‍. കാട്ടില്‍ വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച്‌ മെരുക്കിയെടുക്കുന്ന ആനകളെ, ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല്‍ ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്‍. ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില്‍ കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല്‍ മര്‍ദ്ദനമുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടിവരും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അഞ്ഞൂറ്റിയന്‍പത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. മനുഷ്യരുടെ സാമ്രാജ്യത്തില്‍ കടക്കാതെ വനത്തിനുള്ളില്‍ കഴിയുന്ന ആനകള്‍ക്കും പീഡനങ്ങളില്‍ നിന്ന് രക്ഷയില്ലാത്ത കാലമാണ്. വേട്ടയും വനവിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ഇരുനൂറോളം കാട്ടാനകളാണ് ചരിഞ്ഞത്. ഇതില്‍ എന്‍പത്തിരണ്ട് എണ്ണം ഇലക്‌ട്രിക് ഷോക്കേറ്റും, പന്ത്രണ്ട് ആനകള്‍ നായാട്ടുകാരുടെ ഇരയായും അറുപതെണ്ണം സ്‌ഫോടക വസ്തുക്കള്‍ കഴിച്ചുമാണ് ചരിഞ്ഞത്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിന്‍ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാര്‍ത്ത ഒരു തുടര്‍ക്കഥയാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും അനവധി കാട്ടാനകളാണ് ചരിയുന്നത്. നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകള്‍ ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്ന നിരവധി തെളിവുകള്‍ മലയാളിയുടെ ആനക്കമ്പത്തിന്‍റെ ഉള്ളുതുറന്നു കാട്ടുന്നവയാണ്. ആനകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങള്‍ ഉപദ്രവിക്കാതെ അവയെ വനത്തില്‍ തിരികെ അയക്കാനുള്ള സംവിധാനങ്ങള്‍ നമുക്കില്ല. ആനപ്രേമികളെന്ന് മേനി നടിക്കുന്ന മലയാളികള്‍, അവയും ഭൂമിയിലെ ജീവിവര്‍ഗ്ഗമാണെന്ന തിരിച്ചറിവു നേടുന്നിടത്ത് മാത്രമെ പീഡനങ്ങള്‍ക്ക് അവസാനമാകൂ..