ആദിവാസി സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി 1994 ഓഗസ്റ്റ് 9 മുതല്‍ എല്ലാ വര്‍ഷവും അന്തരാഷ്ട്ര ആദിവാസിദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ തീരുമാനിച്ചു. പുറം ലോകത്തിന്‍റെ കാപട്യങ്ങള്‍ക്കും കൃത്രിമത്വത്തിനും അപ്പുറം ദൂരെ പ്രകൃതിയുടെ മടിത്തട്ടില്‍ ജീവജാലങ്ങളുമായി താദാത്മ്യം പ്രാപിച്ചു കഴിയുന്ന ഒരു കൂട്ടരുണ്ട്, ആദിവാസികള്‍. മാറുന്ന കാലത്തിനൊത്ത് ആദിവാസികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍ 70 രാജ്യങ്ങളിലായി വസിക്കുന്നു. ഇവരുടെ സാമൂഹികവും പുരോഗമനപരവുമായ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അടുത്ത കാലത്താണ്. പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, കുടിയൊഴിപ്പിക്കലുകളും ലോകത്ത് ആദിവാസി ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്തി. ആദിവാസിയുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ചുറ്റുപാടുകള്‍, വികസനം, ആരോഗ്യം എന്നിവയാണ് ഐക്യരാഷ്ട്രസഭ മുഖ്യമായും ശ്രദ്ധിക്കുന്നത്. നവീന സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി തടികളും, ഊര്‍ജ്ജവും, ഭൂമിയും കൂടുതല്‍ വേണ്ടിവന്നപ്പോള്‍ തങ്ങളിലേക്കുതന്നെ ചുരുങ്ങിയ സമൂഹമാണ് ആദിവാസികളെന്ന് വിവിധ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഭൂമിയുടെ ആദ്യ മനുഷ്യാവകാശികളുടെ പിന്‍ഗാമികളായ ഇന്നത്തെ ആദിവാസികള്‍ ലോകത്തിന് നല്‍കിയ കലാ സാംസ്കാരിക സംഭാവനകള്‍ ഏറെയാണ്. ഇനിയും ആദിവാസികള്‍ക്ക് ലോകത്തിന് വളരെയെറെ നല്‍കാനുണ്ട്. ഇവര്‍ക്കായി ഐക്യരാഷ്ട്രസഭയില്‍ ഒരു സ്ഥിരം ഫോറം രൂപീകരിച്ചിട്ടുണ്ട്. പതിനാറംഗ ഫോറത്തില്‍ ഏഴ് ആദിവാസി വിദഗ്‌ദ്ധരും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര പ്രാതിനിധ്യത്തിലൂടെ ആദിവാസികള്‍ അവരുടേതായ അവകാശങ്ങളും മണ്ണും സംരക്ഷിക്കുമെന്ന് കരുതാം. വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ് ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്. കേരളത്തിലെ ആദിവാസികൾ കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ് നിഗമനം. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം.
2020-08-09