ഇന്ന് അന്താരാഷ്ട്ര കടുവാദിനം (World Tiger Day)

അന്താരാഷ്ട്ര കടുവാദിനം

ഇന്ന് ലോക കടുവ ദിനം. ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത് പ്രകൃതിയുടെ, നിര്‍ഭയത്വത്തിന്റെ, ശൗര്യത്തിന്റെ, മനോഹാരിതയുടെ പ്രതീകമായി ലോകം കാണുന്നത് ഭാരതത്തിന്റ കടുവകളെയാണ്. ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാള്‍ കടുവകള്‍ 1972 മുതല്‍ ദേശീയ മൃഗം ആയത്. ബംഗ്ലാദേശിന്റെയും ദേശീയ മൃഗം ബംഗാള്‍ കടുവയാണ്. ലോകത്തില്‍ കടുവകളുടെ എണ്ണമെടുത്താല്‍ എഴുപത് ശതമാനവും ഇന്ത്യയിലാണ്. കേന്ദ്ര സര്‍ക്കാര്‍ കടുവകളുടെ വംശനാശം തടയുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുമ്പോള്‍ കടുവകളുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ 1041 കടുവകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇത് മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്നായി ഉയര്‍ന്നു. പാന്തറാ ടൈഗ്രിസ് എന്നാണ് കടുവകളുടെ ശാസ്ത്രീയ നാമം. ഏഷ്യന്‍ വന്‍കരയിലാണ് കടുവകളെ കണ്ടുവരുന്നത്. പെരിയാറും പറമ്പിക്കുളവുമാണ് കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വ്വമല്ല. പെണ്‍കടുവകള്‍ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റര്‍ ആണ് ആണ്‍കടുവകളുടെ ശരാശരി നീളം, പെണ്‍കടുവകള്‍ക്കിത് 2.5 മീറ്ററായി കുറയും. 5മീറ്ററോളം ഉയരത്തില്‍ ചാടാനും 10 മീറ്ററോളം നീളത്തില്‍ ചാടാനും കടുവകള്‍ക്കു കഴിവുണ്ട്. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകള്‍ക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടുമീറ്ററിലധികം ഉയരത്തില്‍ ചാടാനും കടുവയ്ക്കു കഴിവുണ്ട്.