കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവം; കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെ കേസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പ്രതിഷേധത്തിനെത്തിയ കര്‍ഷര്‍ക്കുനേരെ ബോധപൂര്‍വം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്ട്രേറ്റിനും നല്‍കിയിട്ടുണ്ട്.

അതേസമയം യുപിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ലഖിംപൂര്‍ഖേരിയില്‍ അപകടമുണ്ടായ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി യുപി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറില്‍ നിയന്ത്രണം വിട്ട വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. വാഹനമിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ക്കുന്നതാണ് എഫ്ഐആര്‍. വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.