കിങ് ഖാന്റെ മകന്റെ അറസ്റ്റില്‍ ഞെട്ടി ബോളിവുഡ് ! മുഖം നോക്കാതെ നടപടിയെടുക്കുന്ന സമീര്‍ വാങ്കെഡയുടെ ലിസ്റ്റില്‍ ആര്യനും

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടികൂടി ബോളിവുഡ് കിങ് ഖാന്റെ പുത്രന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ ഇന്ത്യന്‍ സിനിമാ ലോകം വീണ്ടും ഞെട്ടിയിരിക്കുകയാണ്. മിന്നല്‍ റെയ്ഡിലൂടെയാണ് ലഹരിപ്പാര്‍ട്ടിയിലേക്ക് എന്‍സിബി സംഘം ഇരച്ചെത്തിയത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡയാണ്.

ബോളിവുഡിന് ഈ പേര് ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സമീര്‍ വാങ്കെഡ എന്ന പേര് ചര്‍ച്ചയായി തുടങ്ങുന്നത്. എന്‍സിബി സംഘം അടിമുടി ഇളക്കി മറിച്ച് നടത്തിയ അന്വേഷണം, നടി റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിലേക്ക് അടക്കം നയിച്ചിരുന്നു. ഒട്ടേറെ പ്രമുഖരുടെ ഉറക്കം നഷ്ടപ്പെടുത്തിയ കേസ് അന്വേഷണത്തില്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പലരും അറസ്റ്റിലായി. സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തിലാണ് എന്‍സിബി ഈ ഓപ്പറേഷനെല്ലാം നടത്തിയത്. ഇതിനു പിന്നാലെയാണ് താരപുത്രന്റെ അറസ്റ്റ്.

2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സമീര്‍. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. എന്‍സിബിയില്‍ എത്തും മുമ്പ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍ഐഎ. അഡീഷണല്‍ എസ്പി, ഡിആര്‍ഐ. ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലെല്ലാം പ്രവര്‍ത്തിച്ചു. 2011ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷം മാത്രം വിട്ടുനല്‍കിയ ചരിത്രമുണ്ട് സമീറിന്. 2013ല്‍ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഗായകന്‍ മിക സിംഗിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു.

മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.