തന്റെ സൗന്ദര്യത്തിന്റെ പേരിൽ എന്നും വാഴ്ത്തപ്പെട്ട നടിയാണ് ഐശ്വര്യറായ്. താരത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എങ്ങനെയാണ് ഐശ്വര്യ റായിയുടെ ചർമസംരക്ഷണം, പരിചരണരീതികൾ എന്തൊക്കെയാണ് എന്നതൊക്കെ അറിയാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്.
ശരീരത്തിലെ ജലാംശം നിലനിർത്തുകയെന്നതും ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്ന് ഐശ്വര്യ റായ് അറിയിച്ചു. ഐശ്വര്യയുടെ ശീലങ്ങളിൽ പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. അതിനൊപ്പം രാവിലെയും രാത്രിയിലും ചർമം മോയ്സ്ചറൈസ് ചെയ്യുന്നതും അവരുടെ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാണ്. ജോലിയിൽ ആണെങ്കിലും അല്ലെങ്കിലും ഇതൊഴിവാക്കാറില്ലെന്ന് ഹാർപേഴ്‌സ് ബസാറിനു നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.
ചർമാരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളിൽ നിന്ന് ചർമത്തിന് തിളക്കം ലഭിക്കുവാൻ ജലാംശം അത്യന്താപേക്ഷിതമാണ്. കൃത്യമായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമ്മത്തിലെ 35 ശതമാനം ജലാംശം കൂട്ടുവാനും സാധിക്കുമെന്ന് ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.

