ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഹിന്ദി സിനിമാലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഒരു ചിത്രത്തിന് അക്ഷയ് വാങ്ങുന്നത് 135 കോടിയാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അക്ഷയ് കുമാറിന്റെ ആകെ ആസ്തി സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അക്ഷയ് കുമാറിൻറെ ആകെ ആസ്തി 742 കോടിയാണെന്നാണ് ലൈഫ് സ്‌റ്റൈൽ ഏഷ്യയുടെ കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
സിനിമയ്ക്ക് പുറത്ത് നിരവധി ബ്രാൻഡുകളുടെ അംബാസിഡറാണ് അക്ഷയ് കുമാർ. 6 കോടിയാണ് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അക്ഷയ് വാങ്ങുന്ന പ്രതിഫലം. ഹരി ഓം എന്റർടെയ്ൻമെന്റ് അന്ന ബാനറുമായി നിർമ്മാണ രംഗത്തും താരം സജീവമാണ്. മുംബൈ ജൂഹുവിലെ ബംഗ്ലാവ് അടക്കം നിരവധി വാസ സ്ഥലങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ജൂഹുവിലെ ബംഗ്ലാവിന് മാത്രം 80 കോടി വരുമെന്ന് ഹൗസിംഗ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽത്തന്നെ ഖർ വെസ്റ്റിൽ 1878 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്‌മെന്റും ഗോവയിൽ ഒരു പോർച്ചുഗീസ് സ്‌റ്റൈൽ വില്ലയുമുണ്ട്. മുംബൈയിലെ അപ്പാർട്ട്‌മെന്റിന് 7.8 കോടിയും ഗോവയിലെ വില്ലയ്ക്ക് 5 കോടിയും മൂല്യമുണ്ട്. 10 കോടി വരെ വിലയുള്ള കാറുകളും 260 കോടിയുടെ പ്രൈവറ്റ് ജെറ്റും അക്ഷയ് കുമാറിനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.