പുകയില ബ്രാൻഡിനോട് ‘നോ’ പറഞ്ഞ നടൻ അല്ലു അർജ്ജുന് കയ്യടി

തങ്ങളുടെ ഉത്പ്പന്നത്തിന്റെ പ്രചാരണത്തിനും മറ്റുമായി കമ്പനികൾ സിനിമയിലെ സൂപ്പർതാരങ്ങളെ സമീപിക്കാറുണ്ട്. നമ്മൾ അത്തരം താരങ്ങളഭിനയിക്കുന്ന നിരവധി പരസ്യങ്ങളുംകണ്ടിട്ടുണ്ട്. എന്നാൽ തനിക്ക് വന്ന ഒരു വൻ ഓഫർ നിരസിച്ചതിലൂടെ സിനിമാ പ്രേക്ഷകരുടേയും ആരാധകരുടേയും കയ്യടി നേടിയിരിക്കുകയാണ് മലയാളികളുടേയുംകൂടി പ്രിയതാരമായ അല്ലു അർജുൻ. അല്ലു നോ പറഞ്ഞത് ഒരു പാൻ മസാല-മദ്യ ബ്രാൻഡിന്റെ പ്രചാരണത്തിനോടാണ്.

അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2-ദ റൂൾ എന്ന ചിത്രത്തിലാണ്. അദ്ദേഹം അവതരിപ്പിക്കുന്നത് കള്ളക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയാണ്. ചിത്രത്തിൽ ഈ കഥാപാത്രം ചില രം​ഗങ്ങളിൽ മദ്യപിക്കുകയും മുറുക്കുകയും ചെയ്യുന്ന രം​ഗങ്ങൾ ഉണ്ട്. അല്ലു അർജനേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും ഈ രം​ഗങ്ങൾ കാണിക്കുമ്പോൾ തങ്ങളുടെ ബ്രാൻഡിന്റെ ലോ​ഗോ സ്ക്രീനിൽ കാണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പാൻ മസാലാ-മദ്യ ബ്രാൻഡ് സമീപിച്ചിരുന്നു.

പത്തുകോടി രൂപയാണ് ഇങ്ങനെ ചെയ്യുന്നതിന് അവർ അല്ലു അർജുന് വാ​ഗ്ദാനം ചെയ്തത്. അല്ലു അർജുൻ നിരസിച്ചത് ഈ ഓഫറാണ്. ലഹരി വസ്തുക്കളുടെ പ്രചാരണത്തിനോട് ഇതാദ്യമായല്ല അല്ലു അർജുൻ മുഖംതിരിക്കുന്നത്. ഒരു പുകയില കമ്പനി പുഷ്പയുടെ ആദ്യഭാ​ഗം ഇറങ്ങിയശേഷം തങ്ങളുടെ ടെലിവിഷൻ പരസ്യത്തിൽ അഭിനയിക്കാൻ അല്ലു അർജുനെ ക്ഷണിച്ചിരുന്നു. അന്നും താരം ആ വാ​ഗ്ദാനം നിരസിക്കുകയായിരുന്നു.