ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയിറങ്ങുകയാണ്. സിനിമാ കാഴ്ചകള്‍ നിറഞ്ഞ എട്ട് പകലിരുവകള്. മലയാള സിനിമകളായ തടവും ഫാമിലിയുമടക്കം സുവര്‍ണ ചകോരത്തിനായുള്ള മത്സരത്തിനായി മുന്നിലുണ്ട്. ഇൻഡിപെൻഡന്റ് മലയാള സിനിമകള്‍ മിക്കതും ഇത്തവണ ഐഎഫ്എഫ്കെയില് പ്രേക്ഷകരുടെ പ്രിയംനേടി എന്നതും പ്രത്യേകതയാണ്. മത്സര വിഭാഗത്തില്‍ ആട്ടം, എന്നെന്നും എന്നിവയൊക്കെ അല്ലാതിരുന്നിട്ടും മികച്ച അഭിപ്രായങ്ങള്‍ നേടി. ഡെലിഗേറ്റുകള്‍ നല്ല സിനിമകള്‍ കണ്ട സന്തോഷത്തോടെ തിരുവനന്തപുരം മേള നഗരിയില്‍ നിന്ന് വിട പറയുകയാണ്.
നിറഞ്ഞ സദസ്സിലാണ് ഇത്തവണ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച മിക്ക സിനിമകളും പ്രദര്‍ശിപ്പിച്ചത്. തീരുമാനിച്ചുറപ്പിച്ച പോലെ സിനിമകള്‍ തുടക്കത്തില്‍ എല്ലാവര്ക്കും കാണാനാകുന്നില്ല റിസര്‍വേഷൻ പെട്ടെന്ന് നിറയുന്നു എന്ന പരാതികള്‍ കേട്ടിരുന്നു. പക്ഷേ പരാതികളെ പ്രതിരോധിക്കാൻ 70 ശതമാനും ബുക്കിംഗും ബാക്കി 30 ശതമാനം ക്യൂ നിന്നവര്‍ക്കും കാണാൻ അവസരം നല്‍കിയത് കുറച്ചൊക്കെ സഹായകരമായി. ഇക്കുറി മുതിര്‍ന്ന പൗരൻമാര്ക്ക് പ്രത്യേക ക്യൂ ഐഎഫ്എഫ്കെയില് ഏര്‍പ്പെടുത്തിയതും ആശ്വാസകരമായി.

