സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ

സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ മുഴുവൻ ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ. സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ട്രഷറിയിലേക്ക് മാറ്റിയത്.
പെൻഷൻ ഫണ്ട് അടക്കം ട്രഷറിയിലേക്ക് മാറ്റിയിട്ടിണ്ടായിരുന്നു.പല സർവ്വകലാശാലകളും ശമ്പളം നൽകാൻ പോലും പാടുപെടുന്ന അവസ്ഥയിലാണ്.

അക്കൗണ്ടിൽ ബാലൻസുള്ള മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന്, കേരള സർവ്വകലാശാല വിവിധ വകുപ്പ് മേധാവിമാർക്ക് ഒക്ടോബറിൽ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇല്ലെങ്കിൽ ശമ്പള വിതരണത്തിനുള്ള സർക്കാർ ഗ്രാൻറിനെ വരെ ദോഷകരമായി ബാധിക്കും.

മാർച്ച് മുതൽ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായിരുന്നു ഈ അന്ത്യശാസനം. ഇങ്ങിനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. കേരള സര്‍വകലാശാല മാത്രം കൈമാറിയ തനത് ഫണ്ട് 700 കോടി രൂപയാണ്. തനത് ഫണ്ട് ട്രഷറിക്ക് പോയതോടെ എല്ലാ സ‍ർവ്വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും കാശില്ലാതായി.

വിവിധ ഗഡുക്കളായി ശമ്പളം നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഫണ്ടുകളിൽ കയ്യിട്ടതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡു സർക്കാർ നൽകിയിരുന്നില്ല.അന്ന് സർക്കാർ നൽകാതെ പിടിച്ചുവെച്ചത് 89.2 കോടി രൂപയാണ്. അതിന്റെ ക്ഷീണം മാറും മുമ്പേയാണ് സ്വന്തം പോക്കറ്റിലെ ഫണ്ട് കൂടി സർക്കാരിന് കൊടുത്ത് സർവകലാശാലകൾ കടുത്ത പ്രതിസന്ധിയിലായത്.

. .