കേന്ദ്രം വിഹിതം നല്‍കിയില്ലെങ്കിലും സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി മുടക്കില്ലെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി

കേന്ദ്രം വിഹിതം നല്‍കിയില്ലെങ്കിലും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതി മുടക്കില്ലെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്‌തമാക്കി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നിലവില്‍ സംസ്‌ഥാന വിഹിതം സംബന്ധിച്ച കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം അന്തിമഘട്ടത്തിലാണ്‌. അത്‌ ലഭിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കുട്ടികള്‍ക്ക്‌ നല്‍കുന്ന തുകയില്‍ സംസ്‌ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്‌ നടപ്പാക്കപ്പെടുന്നത്‌. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന്‌ ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ്‌ ചെലവിന്റെ 60 ശതമാനവും സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. എന്നാല്‍, പദ്ധതിയില്‍ പരിഷ്‌ക്കാരം കൊണ്ടുവന്നതിനാല്‍ 2021-22 വര്‍ഷം മുതല്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ്‌ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്‌. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസവാദങ്ങള്‍ ഉയര്‍ത്തി സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹമായ തുക അനുവദിക്കുന്നത്‌ വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുകയാണ്‌. ഇത്‌ പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിയില്‍ എത്തിച്ചിട്ടുണ്ട്‌. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക്‌ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പിനായി നടപ്പ്‌ സാമ്പത്തികവര്‍ഷം സംസ്‌ഥാനത്തിന്‌ 284.31 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ആനുപാതിക സംസ്‌ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി രൂപയാണ്‌. 2022-23 വര്‍ഷം മുതല്‍ രണ്ടു ഗഡുക്കളായാണ്‌ കേന്ദ്രവിഹിതം ലഭിക്കുന്നത്‌. നിശ്‌ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത്‌ പ്രകാരം നടപ്പ്‌ വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്‌ഥാനത്തിന്‌ ലഭിക്കേണ്ടത്‌ 170.59 കോടി രൂപയാണ്‌. ഇത്‌ ലഭിച്ചാല്‍ ആനുപാതിക സംസ്‌ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക്‌ അനുവദിക്കുവാന്‍ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക്‌ സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്‌ക്കുള്ള വിശദമായ നിര്‍ദേശങ്ങള്‍ ജൂലൈ നാലിന്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, രണ്ടു മാസം പിന്നിട്ടിട്ടും സംസ്‌ഥാനത്തിന്‌ അര്‍ഹമായ വിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയറായിട്ടില്ല. മറിച്ച്‌, അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്‌കൂളുകള്‍ക്ക്‌ അനുവദിക്കുന്ന തുക കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്‌ത്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി