കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തണം, കേരളത്തിന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തതയില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസച്ചിലവില്‍ പകുതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും, ഈ കുട്ടികള്‍ നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ തുടരാനുള്ള അവസരം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

മാത്രമല്ല, അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും, ഒരു കാരണവശാലും ഒരു കുട്ടിക്കുപോലും അധ്യയന വര്‍ഷം നഷ്ടമാകാന്‍ പാടില്ലെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവ് നല്‍കി.

കോവിഡ് മഹാമാരിയില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തോളം കുട്ടികള്‍ രാജ്യത്ത് അനാഥരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഈ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം പോര്‍ട്ടലില്‍ കേരളം നല്‍കിയ വിവരങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ കേരളത്തിന് സുപ്രീംകോടതി നിര്‍ദ്ദേശവും നല്‍കി.