സംസ്ഥാനം ഭീകരവാദികളുടെ താവളമാക്കി, രാജ്യദ്രോഹ കേസില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി പ്രതിയാകുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ സംരക്ഷിത വനങ്ങള്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടതിന്റെ വാര്‍ത്തകളോടെയാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്കമെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടിയെന്നും, ഈ കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാത്രമല്ല, സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതികളുടെ മൊഴി പുറത്തു വന്നതോടെ ദിവസവും 6 മണിക്ക് നടത്താറുള്ള വാര്‍ത്താസമ്മേളനം വരെ മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു, രാജ്യദ്രോഹ കേസില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി പ്രതിയാകുമോയെന്ന സംശയം മാത്രമേ ഇനിയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യം കൊവിഡിനെ പൊരുതി തോല്‍പ്പിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്നും, കേരളം നമ്പര്‍ വണ്‍ എന്ന പി.ആര്‍ പ്രചരണത്തിന് വേണ്ടി കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ കേന്ദ്രം നല്‍കിയ വാക്‌സിന്‍ പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തത്, മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ വാക്‌സിന്‍ എടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു മലയാളികളുടെ യോഗം, കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള സംഭവങ്ങള്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സ്ത്രീവിരുദ്ധതയുടെ ഉദാഹരണങ്ങളാണ്. സംസ്ഥാനം ഭീകരവാദികളുടെ താവളമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.