ദില്ലി: രാജ്യം കൊറോണയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമ്പോഴും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പരിഭ്രാന്തരാക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവർത്തിക്കുകയാണെന്നും എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് സോണിയ ഗാന്ധിയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലാണ് നദ്ദയുടെ ആരോപണം. നൂറ്റാണ്ട് നേരിടുന്ന മഹാമാരിക്കിടയിലും ഒരു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മടി കാണിച്ചു.
അവര്‍ അതിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. ലോകത്ത് ഏറ്റവും വലിയ വാക്സീനേഷൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 2020 ൽ എട്ട് മാസം 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകി. അതിപ്പോഴും തുടരുന്നുണ്ട്.
എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങൾ അദ്ദേഹം നടത്തി. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പോലും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിന്റെ പ്രവർത്തിയിൽ ആശ്ചര്യമില്ല, എന്നാൽ സങ്കടമുണ്ട്. മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രയത്നത്തിന്റെ വില കളയുന്നതാണ് മുതിർന്ന നേതാക്കളുടെ പ്രചാരണമെന്നും അദ്ദേഹം വിമർശിച്ചു.