ജനങ്ങളില്ലാതെ എന്തിനാണ് പൂരം നടത്തുന്നത്,പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്;തേറമ്പില്‍ രാമകൃഷ്ണന്‍

pooram

തൃശൂര്‍: ജനങ്ങളില്ലാതെ എന്തിനാണ് പൂരം നടത്തുന്നത്.പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ് .പരീക്ഷകൾ മാറ്റിവയ്ക്കുന്നത് പോലെ പൂരം മാറ്റിവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന് പിന്മാറാന്‍ ആവാത്ത സ്ഥിതിയായെന്നും തേറമ്പിൽ രാമകൃഷ്ണൻ വിമർശിച്ചു.

ആനപാപ്പാന്‍മാരെ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കണം, എന്നിങ്ങനെയാണ് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.

അതെസമയം തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത് വന്നിരുന്നു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞിരുന്നു. ബിജെപി വക്താവ് സന്ദീപ് ജി വാര്യരും തൃശൂർ പൂരം നടത്തണമെന്നും ആചാരങ്ങൾ അട്ടിമറിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു.