തിരുവനന്തപുരം: ഗ്രൂപ്പ് ലീഡര്‍മാരുടെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും പ്രതിപക്ഷ നേതൃസ്ഥാനത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ കെപിസിസി നേതൃത്വത്തിലും ഉടൻ മാറ്റമുണ്ടായേക്കും.കേരളത്തിലെ വലിയ തോൽവിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാൻ കമ്മിറ്റി ഈ ആഴ്ച അവസാനം കേരളത്തിലെത്തുമെന്നും നേതാക്കളുടെ അഭിപ്രായം തേടുമെന്നുമാണ് റിപ്പോര്‍ട്ട്. പകരം പ്രസിഡൻ്റ് വന്നാലുടൻ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.കെപിസിസി നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
കെപിസിസിയിലും ഡിസിസികളിലും അടിമുടി മാറ്റമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ നല്കുന്ന സൂചനകള്‍. നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം കുറഞ്ഞത് സര്‍ക്കാരിനെ പ്രതിരോധിക്കാൻ തടസ്സമാകില്ലെന്നും എന്നാൽ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നുമാണ് കെ സുധാകരൻ പറയുന്നത്. ഇത്തരത്തിലാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനം. ഗ്രൂപ്പുകളെ പാടെ അവഗണിച്ചു കൊണ്ടായിരിക്കില്ല ഹൈക്കമാൻഡ് തീരുമാനമെന്നതും ഇതിനോടകം ഏകദേശം ഉറപ്പായിട്ടുണ്ട്. അധികം സമ്മര്‍ദ്ദത്തിനു നിൽക്കാതെ ഹൈക്കമാൻഡ് തീരുമാനത്തിനു വഴങ്ങാൻ എഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ ഗ്രൂപ്പുകള്‍ക്ക് അതീതമായി കെപിസിസിയിലടക്കം തലമുറ മാറ്റം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രൂപ്പുകള്‍ക്കുള്ളിലും പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതു പോലെ ഹൈക്കമാൻഡ് ഇരുഗ്രൂപ്പുകള്‍ക്കും അഭിപ്രായത്തിനു അധികം അവസരം നല്‍കിയേക്കില്ല. എന്നാൽ ഗ്രൂപ്പുകളെ പൂര്‍ണമായും തള്ളക്കൊണ്ടുള്ള നീക്കത്തിനില്ലെന്നാണ് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.