തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ ഉണ്ടായ പ്രളയത്തിന് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വിദഗ്ദ്ധാഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സയൻസിലെ ഡിസിപ്ളിനറി സെന്റർ ഫോർ വാട്ടർ റിസർച്ച്, അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.പ്രളയം മനുഷ്യ സൃഷ്‌ടിയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.
വിവിധ സമയങ്ങളില്‍ ഏതളവില്‍ അണക്കെട്ടില്‍ ജലം സംഭരിക്കണം ഏതളവുവരെ ഒഴിച്ചിടണം എന്ന് വ്യക്തമാക്കുന്ന റൂള്‍ ഓഫ് കര്‍വ് ഉപയോഗിച്ചില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. മഴക്കാലത്ത് റിസര്‍വോയറുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി മുന്നറിയിപ്പുകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഇതിനുള്ള കാര്യമായ ശ്രമം ഉണ്ടായില്ല. പ്രളയ സമയത്തു ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നില്ല.
ഡാമുകളിലെ പ്രളയ നിയന്ത്റണ സംവിധാനങ്ങൾ പാലിക്കാതിരുന്നതും മുൻകരുതൽ എടുക്കാതിരുന്നതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. റിപ്പോർട്ടിലെ നിഗമനങ്ങൾ ഗുരുതരമാണ്. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരണമടയുകയും ചെയ്ത ദുരന്തത്തിന് പിണറായി സർക്കാർ ഉത്തരം പറയണം. ഈ രംഗത്തെ പ്രഗല്ഭരായ പി.പി. മജുംദാർ, ഐഷ ശർമ്മ, ഗൗരി.ആർ എന്നിവരാണ് പഠനം നടത്തിയത്. 148 പേജുള്ള റിപ്പോർട്ട് 2020 ജൂലായിൽ എ.ജിക്കു സമർപ്പിച്ചു. സി.എ.ജിയുടെ നിർദേശ പ്രകാരമായിരുന്നു പഠനം.