ഡല്‍ഹി: സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നിലപാട്. വിരമിക്കാന്‍ ആറ് മാസത്തിലധികം ഉള്ളവരെ മാത്രമേ സി.ബി.ഐ. ഡയറക്ടറായി നിയമിക്കാവൂ എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് രമണ ഉന്നതതല സമിതി യോഗത്തില്‍ സ്വീകരിച്ചതാണ് ബെഹ്‌റ ഉള്‍പ്പടെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥര്‍ക്കും വിനയായത്. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍നിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാറിന്റെ നിയമന സമിതി ഉടന്‍ തെരഞ്ഞെടുക്കും.
പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഇങ്ങനെയൊരു നിലപാട് എടുക്കുന്നത്. ഇതോടെ ജൂൺ 30-ന് വിരമിക്കേണ്ട ലോക്നാഥ് ബെഹ്റയും ആഗസ്റ്റ് 31-ന് വിരമിക്കേണ്ട ബിഎസ്എഫ് മേധാവി രാകേഷ് അസ്താനയും മെയ് 31-ന് വിരമിക്കേണ്ട എൻഐഎ മേധാവി വൈ.സി.മോദിയും സാധ്യതാപട്ടികയിൽ നിന്നും പുറത്തായി. രാകേഷ് അസ്താന, വൈസി മോദി എന്നിവരെ കേന്ദ്രസർക്കാർ സിബിഐ മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് നേരത്തെ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

