കൊച്ചി: ക്ഷീരവികസന വകുപ്പിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡയറി പ്രൊമോട്ടർ, വുമൺ ക്യാറ്റിൽ കെയർ വർക്കർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റിൽ ഒരു ഡയറി പ്രൊമോട്ടർ, ഒരു വുമൺ ക്യാറ്റിൽ കെയർ വർക്കർ എന്ന നിലയിലാണ് നിയമനം നടത്തുക.
തസ്തികകൾക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ:
ഡയറി പ്രൊമോട്ടർ:- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എൽസി(ചുരുങ്ങിയത്), കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടർമാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതുമാണ്.
വുമൺ ക്യാറ്റിൽ കെയർ വർക്കർ:- വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എൽസി (ചുരുങ്ങിയത്), കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം, വുമൺ ക്യാറ്റിൽ കെയർ വർക്കർരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ 2024-25 സാമ്പത്തിക വർഷത്തിൽ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നൽകും.
ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജൂൺ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസർ മുമ്പാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ ബന്ധപ്പെടാം.