2024ലെ സിവിൽ സർവീസ്; പ്രിലിമിനറി പരീക്ഷ തീയതി മാറ്റി

ന്യൂഡൽഹി: 2024ലെ സിവിൽ സർവീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയത്.

മെയ് 26നായിരുന്നു പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം ജൂൺ 16നായിരിക്കും യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുക. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ സ്‌ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ.

സിവിൽ സർവീസിൽ 1,056 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകളുമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിൻ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് ക്ലിയർ ചെയ്യുന്നവർക്കാണ് മെയിൻ പരീക്ഷ എഴുതാൻ കഴിയുന്നത്.